ഞാന്‍ നടക്കുകയാണ് ... മണിക്കൂറുകളായി ,
കണ്ണെത്താദൂരത്തോളംപരന്നു കിടക്കുന്ന മണല്‍പരപ്പിലൂടെ ... നിര്‍ത്താതെയുള്ള
തിരകളുടെ പാട്ടുകേട്ട് ... കടലില്‍ മെല്ലെ മുങ്ങികൊണ്ടിരിക്കുന്ന സൂര്യന്‍ എന്‍റെ നിഴലിന്‍റെ
നീളം വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു ...
ചുവപ്പാര്‍ന്ന ആകാശത്തിന്‍റെ ചെരുവിലൂടെ
പക്ഷികള്‍ എങ്ങോട്ടോ പറക്കുന്നു ... ഞാനും അവരെപ്പോലെ ഒരു യാത്രയിലാണ് ... പക്ഷെ
ഒരു വ്യത്യാസം മാത്രം ... എനിക്ക് ലക്ഷ്യമില്ല , കയറികിടക്കാന്‍ വീടുമില്ല ...
ഞാനും ഈ കടല്‍തീരത്തെപോലെ ഒരാനാഥന്‍ ...
രാത്രികള്‍ ... എന്‍റെ യാത്രയെ
മുടക്കികൊണ്ടിരുന്നു ... രാത്രിയില്‍ ആകാശം നോക്കി ഞാന്‍ മലര്‍ന്നു കിടക്കും ... നക്ഷത്രങ്ങളായി
പുനര്‍ജനിച്ച ആത്മാക്കള്‍ അപ്പോള്‍ എന്നെ നോക്കി ചിരിക്കും ... മാറി മാറി വരുന്ന
മേഘങ്ങള്‍ക്കിടയിലൂടെ ഞാന്‍ ചന്ദ്രനെ കണ്ടു ... എന്നും ഒരേ കാഴ്ചകളും , ഒരേ
സ്വപ്നങ്ങളും മാത്രം ...
സുഖദുഃഖങ്ങളെ കുറിച്ചുള്ള പരാതിയും പരിഭവവുമെനിക്കില്ല
. ഉറക്കമെന്ന മഹാപ്രതിഭാസം ഇടക്കപ്പെഴൊക്കെയോ എന്നെ കീഴടക്കി . ഞാന്‍ ഇപ്പോള്‍
മരിച്ചു കിടക്കുകയാണ് . ഓരോ ഉറക്കവും ഒരു മരണമാണ് . സൂര്യന്‍റെ ആദ്യ കിരണങ്ങള്‍
എന്നെ വിളിച്ചുണര്‍ത്തി ... ഞങ്ങള്‍ ഒരുമിച്ചു നടക്കാന്‍ തുടങ്ങി സൂര്യോദയത്തില്‍
നിന്നും അസ്തമയത്തിലേക്കുള്ള ദൂരം ... വര്‍ഷങ്ങളായി ഞങ്ങള്‍ ഇങ്ങനെയാണ് . ഓരോ
പ്രഭാതത്തിലും ഞങ്ങള്‍ ഒത്തു ചേരുന്നു , സന്ധ്യയുടെ ഇരുട്ടില്‍ തനിച്ചാക്കി
പിരിയുവാന്‍ ... നടക്കുന്നതിനിടയില്‍ എന്നും എന്നെ അലട്ടികൊണ്ടിരുന്നത് ഒരൊറ്റ
ചിന്തമാത്രം . എവിടെയാവും ഈ യാത്ര അവസാനിക്കുന്നത് ... ?